
മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിലെ ഇരുണ്ട രഹസ്യങ്ങളെക്കുറിച്ച് പലരും അടക്കം പറയാറുണ്ട്. എന്നാൽ ചിലർ അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയും. അത്തരത്തിലൊരു ശബ്ദമാണ് നടി ഷക്കീലയുടേത്. തമിഴിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിലെ അധികാര കേന്ദ്രങ്ങളെയും നടിമാർ നേരിടുന്ന ചൂഷണങ്ങളെയും കുറിച്ച് അവർ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ഏറെ കോളിളക്കമുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന, സിനിമയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ആ ‘പവർ ഗ്രൂപ്പ്’ മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമാണെന്ന് ഷക്കീല ഒരു മടിയും കൂടാതെ പറയുന്നു. “ഇന്ന് ആ ഗ്രൂപ്പിൽ മുകേഷുമുണ്ട്, പക്ഷേ പ്രധാനികൾ അവർ രണ്ടുപേരുമാണ്,” ഷക്കീല കൂട്ടിച്ചേർത്തു. ഈ അധികാര കേന്ദ്രീകരണം മലയാളത്തിൽ മാത്രമല്ല, താൻ പ്രവർത്തിച്ച എല്ലാ ഭാഷകളിലും പല രൂപത്തിൽ നിലനിൽക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് പറയുമ്പോൾ, കാലം മാറിയെങ്കിലും രീതികൾ മാറിയിട്ടില്ലെന്ന് ഷക്കീല ഓർമ്മിപ്പിക്കുന്നു. “പണ്ട് ഞങ്ങളുടെ കാലത്ത് വസ്ത്രം മാറാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. പുഴയുടെയോ മലയുടെയോ സൈഡിൽ നിന്നാണ് വസ്ത്രം മാറിയിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് കാരവനുണ്ട്. പക്ഷേ, ആ കാരവാനകത്ത് വസ്ത്രം മാറുന്നതിനപ്പുറം അത്താഴ വിരുന്നുകളും ലൈം#ഗിക ചൂഷണങ്ങളും നടക്കുന്നുണ്ട്,” ഷക്കീലയുടെ വാക്കുകൾക്ക് മൂർച്ചയേറുന്നു.
അന്ന് രാത്രി ആ വാതിലിൽ മുട്ടിയപ്പോൾ
തന്റെ കരിയറിൽ നടിമാർ ചൂഷണം ചെയ്യപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും പലപ്പോഴും താനാണ് അവരെ രക്ഷിച്ചിട്ടുള്ളതെന്നും ഷക്കീല ഒരു അനുഭവത്തിലൂടെ വിവരിച്ചു. “അതൊരു സിനിമയുടെ സെറ്റായിരുന്നു. കലാഭവൻ മണിയും ആ സിനിമയിലുണ്ട്. രൂപശ്രീയായിരുന്നു നായിക. ഞാൻ ഒരു വീട്ടുജോലിക്കാരിയുടെ റോളിലാണ്. രാത്രി ഏകദേശം പന്ത്രണ്ടരയായപ്പോൾ ആരോ വാതിലിൽ ശക്തിയായി മുട്ടുന്നു. ‘എടീ വെളിയിൽ വാടീ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആ മുട്ടൽ. ഞങ്ങൾ പേടിച്ച് വാതിൽ തുറന്നു. രൂപശ്രീയുടെ മുറിയുടെ വാതിലിലായിരുന്നു അയാൾ മുട്ടിക്കൊണ്ടിരുന്നത്.”
“ഞാൻ അയാളോട് പോകാൻ പറഞ്ഞു. ‘നീയാരാടീ ഇതിൽ ഇടപെടാൻ’ എന്ന് ചോദിച്ച് അയാൾ എന്റെ നേരെയും തട്ടിക്കയറി. ഒടുവിൽ ദേഷ്യത്തിൽ അയാൾ പോയപ്പോൾ ഞങ്ങൾ ഗസ്റ്റ് ഹൗസിലെ വാതിലുകളെല്ലാം അകത്തുനിന്നും പൂട്ടി. ആ സിനിമയിൽ രൂപശ്രീയുടെ ഭാഗങ്ങൾ ചിത്രീകരണം കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അവളെ അവർ ശല്യം ചെയ്യാൻ ശ്രമിച്ചത്.” ഇതുപോലെ നടിമാരായ രേഷ്മയെയും മറിയയെയും ചൂഷണത്തിൽ നിന്നും താൻ രക്ഷിച്ചിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി.
മീ ടൂവിനോട് വിയോജിപ്പ്, പരിഹാരം ജയിൽ
അതേസമയം, അതിക്രമങ്ങൾക്കെതിരെയുള്ള ‘മീ ടൂ’ മുന്നേറ്റത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും ഷക്കീല പറഞ്ഞു. “ഒരു അതിക്രമം നടന്നാൽ വർഷങ്ങൾ കഴിഞ്ഞ് വന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അപ്പോൾത്തന്നെ ചെരിപ്പൂരി അടിക്കുകയാണ് വേണ്ടത്.” സിനിമയിലെ ചൂഷണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഒരു വഴിയേ ഉള്ളൂവെന്നും ഷക്കീല വിശ്വസിക്കുന്നു: “കുറ്റം ചെയ്യുന്ന നടന്മാരെ പിടിച്ച് ജയിലിലിടണം. അല്ലാതെ കമ്മീഷനുകൾ വന്നതുകൊണ്ടൊന്നും ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.”
ഷക്കീലയുടെ വാക്കുകൾ സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഒരു ഭയവുമില്ലാതെ വിളിച്ചുപറയുന്ന ഷക്കീലയുടെ നിലപാടുകൾക്ക് പിന്തുണയും വിമർശനവും ഒരുപോലെ ഉയരുന്നുണ്ട്.