എട്ടാം വയസ്സുമുതൽ സ്വൊന്തം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വികൃത സത്യം തുറന്ന് പറഞ്ഞ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. സത്യസന്ധതയോടെ ഒരു കാര്യം പൊതു സമൂഹത്തിൽ തുറന്നു പറയുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ദേശീയ വനിതാ കമ്മീഷൻ (NCW) അംഗമായി ഖുശ്ബുവിനെ അടുത്തിടെ നോമിനേറ്റ് ചെയ്തിരുന്നു.
തന്റെ ഭൂതകാലത്തെ കയ്പ്പേറിയ അനുഭവം സധൈര്യം തുറന്നു പറഞ്ഞതിന് ശേഷം താരം മാധ്യമങ്ങളോട് പറഞ്ഞത് ഞാനൊരിക്കലും ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തിയതല്ല . സത്യസന്ധതയോടെയാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ പറഞ്ഞതിൽ എനിക്ക് ലവലേശം ലജ്ജയില്ല. ഇത്തരം ഹീന കൃത്യങ്ങൾ ചെയ്ത കുറ്റവാളിക്ക് ലജ്ജ വേണം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇത്രയും വർഷമെടുത്തിട്ടുണ്ടെങ്കിൽ, ആ അവസ്ഥ എന്തായിരിക്കും സ്ത്രീകൾ ഇത്തരം കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.ഖുശ്‌ബു പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തുമായുള്ള ചാറ്റിൽ മോജോ സ്റ്റോറിയിൽ ആണ് താരം ഈ തുറന്നു പറച്ചിൽ നടത്തിയത്, “ഒരു കുട്ടി ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, അത് ആ കുട്ടിയുടെ ജീവിതത്തെ മുറിവേൽപ്പിക്കുന്നു, അതിനു ഒരു പെൺകുട്ടിയെന്നോ ആൺകുട്ടിയെന്നോ വ്യത്യാസമില്ല.
എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാൾ. അയാൾ എനിക്ക് നേരെ ഉള്ള ദുരുപയോഗം ആരംഭിക്കുമ്പോൾ എനിക്ക് വെറും 8 വയസ്സായിരുന്നു, എനിക്ക് 15 വയസ്സുള്ളപ്പോൾ ആണ് അയാൾക്കെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്.
തന്നെ ആരെങ്കിലും വിശ്വസിക്കുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ഖുശ്ബു പറഞ്ഞു. തനിക്ക് 15 വയസ്സ് ആയപ്പോൾ ഒരു നിലപാട് എടുക്കാനുള്ള ധൈര്യം ലഭിച്ചുവെന്നും അവൾ പറയുന്നു, “എന്റെ അമ്മ എന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ആയിരുന്നു എന്റെ പ്രതികരണം ഇത്രയും വൈകാൻ കാരണമായത്, കാരണം എന്ത് സംഭവിച്ചാലും എന്റെ ഭർത്താവാണ് എന്റെ ദൈവം എന്ന അക്കാലത്തെ സ്ത്രീകളുടെ വികലമായ ചിന്താഗതി ഉള്ളയാളായിരുന്നു എന്റെ ‘അമ്മ
. പക്ഷേ 15-ാം വയസ്സായപ്പോഴേക്കും ഞാൻ തീരുമാനിച്ചു ഇത് മതി ഇനി ഇത് തുടരാൻ അനുവദിച്ചു കൂടാ,അന്ന് മുതൽ അയാൾക്കെതിരെ ഉള്ള പ്രതിഷേധ സമരം ഞാൻ ആരംഭിച്ചു എല്ലാം വെളിപ്പെടുത്തി. എനിക്ക് വെറും പതിനാറ് വയസ്സ് മാത്രമുള്ളപ്പോൾ അടുത്ത നേരെത്തെ ഭക്ഷണത്തിനു ഇനിയെന്തു ചെയ്യും എന്ന അവസ്ഥയിൽ ഞങ്ങളെ എത്തിച്ചിട്ട് അന്ന് വരെ ഞങ്ങൾക്കുണ്ടായിരുന്നു എല്ലാ സമ്പാദ്യവുമായി അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഖുശ്‌ബു പറയുന്നു.
ഇന്ന് ഖുശ്‌ബു അഭിനേതാവ് മാത്രമല്ല അതിശക്തയായ ഒരു പൊളിറ്റിഷ്യനും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ്.നടനും നിർമ്മാതാവും സംവിധായകനുമായ സുന്ദർ സി ആണ് താരത്തിന്റെ ഭർത്താവ്. അവർ ആദ്യം ഡിഎംകെയിൽ ചേർന്നിരുന്ന ഖുശ്‌ബു പിന്നീട് അവർ കോൺഗ്രസിലേക്ക് മാറുകയും പാർട്ടിയുടെ വക്താവാകുകയും ചെയ്തു. എന്നാൽ പിന്നീട് കോൺഗ്രസ് വിട്ട് ബിജെപി യിൽ കുടിയേറിയ ഖുശ്‌ബു നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായി പ്രവർത്തിക്കുന്നു. പാർട്ടിക്ക് കീഴിൽ, അവർ 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഡിഎംകെയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.