
കൊച്ചി: മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും മോഡലുമായ ജസീല പർവീൺ, തന്റെ മുൻ പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന കൊടുംക്രൂരതയുടെ വിവരങ്ങൾ തുറന്നുപറഞ്ഞു. ഡോൺ തോമസ് വിതയത്തിൽ എന്നയാൾ തന്നെ ശാരീരികമായും മാനസികമായും അതിക്രൂരമായി പീഡിപ്പിച്ചെന്ന് ജസീല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു. കീറിപ്പറിഞ്ഞ ചുണ്ടിന്റെയും, രക്തം വീണ് കിടക്കയുടെയും ചിത്രങ്ങൾ സഹിതമാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇത് സഹതാപം നേടാനല്ല, മറിച്ച് തന്റെ നിയമപോരാട്ടത്തിന് നിയമപരമായ മാർഗ്ഗനിർദ്ദേശം തേടാനാണെന്നും ജസീല വ്യക്തമാക്കുന്നു.
പുതുവത്സര രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. ഡോണിന്റെ അമിതമായ മദ്യപാനത്തെയും മോശം പെരുമാറ്റത്തെയും ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. “അയാൾ അക്രമാസക്തനായി, എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ആഞ്ഞിടിച്ചു, തല നിലത്ത് പലതവണ ഇടിപ്പിച്ചു,” ജസീല കുറിച്ചു. ക്രൂരത അവിടെയും നിന്നില്ല. “എന്നെ വലിച്ചിഴച്ചു, കക്ഷത്തിലും തുടകളിലും കടിച്ചു. കയ്യിലുണ്ടായിരുന്ന ലോഹ വള ഉപയോഗിച്ച് മുഖത്ത് ശക്തിയായി അടിച്ചു, അതിൽ എന്റെ മേൽചുണ്ട് രണ്ടായി പിളർന്നുപോയി.” ഒരുപാട് രക്തം വാർന്നുപോയെന്നും നടി പറയുന്നു.
രക്തം വാർന്ന് അവശയായ താൻ ആശുപത്രിയിൽ കൊണ്ടുപോകാൻ യാചിച്ചെങ്കിലും ഡോൺ ആദ്യം വിസമ്മതിച്ചു. പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, “കോണിപ്പടിയിൽ നിന്ന് വീണതാണ്” എന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. അവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും, തനിക്ക് പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകേണ്ടി വരികയും ചെയ്തു. ഇതിനുശേഷവും അയാളുടെ ഉപദ്രവവും അവഗണനയും തുടർന്നതായി ജസീല ആരോപിക്കുന്നു.

ഈ സംഭവങ്ങൾക്ക് ശേഷം മാനസികമായും ശാരീരികമായും തകർന്ന താൻ ആദ്യം ഓൺലൈനിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് ജനുവരി 14-ന് നേരിട്ട് സ്റ്റേഷനിൽ പരാതി നൽകി. അപ്പോഴും പോലീസ് ഉണർന്ന് പ്രവർത്തിച്ചില്ല. “അതിനിടയിൽ ഡോൺ തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. അതിനുശേഷം മാത്രമാണ് പോലീസ് വീട്ടിൽ പരിശോധനയ്ക്ക് വരികയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്,” ജസീലയുടെ വാക്കുകൾ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നു.
കേസിൽ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തന്റെ പരുക്ക് ഗുരുതരമാണെന്ന് തെളിയിക്കുന്ന എല്ലാ മെഡിക്കൽ രേഖകളും വ്യക്തമായി ഉണ്ടായിട്ടും, കേസ് റദ്ദാക്കാനാണ് പ്രതി ശ്രമിക്കുന്നത്. “ഞാൻ ഒരിക്കലും സമ്മതിച്ചിട്ടില്ലാത്ത ഒരു ഒത്തുതീർപ്പ് നടന്നുവെന്ന് കള്ളം പറഞ്ഞ്, ഹൈക്കോടതിയിൽ കേസ് റദ്ദാക്കാൻ (Quashing Petition) ഹർജി നൽകിയിരിക്കുകയാണ് അയാൾ,” ജസീല പറയുന്നു. സാമ്പത്തികമായി തകർന്ന തനിക്ക് ഇപ്പോൾ ഒരു വക്കീലിനെ വെക്കാൻ പോലുമുള്ള കഴിവില്ല, കോടതിയിൽ ഒറ്റയ്ക്കാണ് ഹാജരാകുന്നത്. കഴിഞ്ഞ ദിവസം വാദം കേട്ടപ്പോൾ തനിക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും, കോടതിമുറിയിൽ അദൃശ്യയായതുപോലെ തോന്നിയെന്നും അവർ വേദനയോടെ കുറിക്കുന്നു.
കൂർഗ് സ്വദേശിയായ ജസീല, കന്നഡ സീരിയലുകളിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും, ‘തേനും വയമ്പും’, ‘സീതാകല്യാണം’ തുടങ്ങിയ മലയാളം സീരിയലുകളിലൂടെയാണ് പ്രശസ്തയാകുന്നത്. “ഒരു കലാകാരി എന്ന നിലയിൽ എന്റെ മുഖമാണ് എന്റെ എല്ലാം. ഈ സംഭവത്തോടെ മാസങ്ങളോളം എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. കടുത്ത വിഷാദത്തിലൂടെയും സാമ്പത്തിക നഷ്ടത്തിലൂടെയുമാണ് ഞാൻ കടന്നുപോയത്.” എന്നാൽ പ്രതിയാകട്ടെ, മുതിർന്ന അഭിഭാഷകരെ വെച്ച് കേസ് വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
“എനിക്ക് ഒരൊറ്റ കാര്യമേ പറയാനുള്ളൂ, കേസ് വിചാരണയ്ക്ക് വരട്ടെ, തെളിവുകൾ സംസാരിക്കട്ടെ, സത്യം ജയിക്കട്ടെ,” ജസീല ഉറപ്പിച്ചു പറയുന്നു. കേസ് റദ്ദാക്കാനുള്ള ഹർജിയെ നിയമപരമായി നേരിടാൻ അഭിഭാഷകരുടെ സഹായവും മാർഗ്ഗനിർദ്ദേശവും അവർ അഭ്യർത്ഥിക്കുന്നുണ്ട്. “ഇതെന്റെ മാത്രം പോരാട്ടമല്ല, നിശബ്ദരാക്കപ്പെട്ട എല്ലാ ഇരകൾക്കും വേണ്ടിയാണ്. ഞാൻ ഇനി നിശബ്ദയായിരിക്കില്ല. നീതിക്കുവേണ്ടി പോരാടും. ഞാൻ ഒരു അതിജീവിതയാണ്,” എന്ന ശക്തമായ പ്രഖ്യാപനത്തോടെയാണ് ജസീലയുടെ കുറിപ്പ് അവസാനിക്കുന്നത്. ‘ആഗസ്റ്റ് 27’, ‘പെറ്റ് ഡിറ്റക്ടീവ്’ തുടങ്ങിയ സിനിമകളിലും ജസീല അഭിനയിച്ചിട്ടുണ്ട്.





