
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കുന്നതിൽ നിർണ്ണായകമായത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികൾ. പ്രോസിക്യൂഷന്റെ ഏറ്റവും വലിയ ആയുധമാകുമെന്ന് കരുതിയ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ, ഒടുവിൽ ദിലീപിന് അനുകൂലമായ ഘടകമായി മാറിയ കാഴ്ചയാണ് വിധിന്യായത്തിൽ തെളിയുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങളിലെ വൈരുദ്ധ്യം തുറന്നുകാട്ടാൻ ഈ മൊഴികൾ കാരണമായെന്ന് കോടതി നിരീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ നിലച്ചു പോയ കേസിനെ വീണ്ടും പുനഃരുജ്ജീവിപ്പിച്ചത് ബാലചന്ദ്ര കുമാറിന്റെ മൊഴികൾ ആയിരുന്നു. താൻ ദിലീപിന്റെ വീട്ടിൽ വച്ച് പൾസർ സുനിയെ കണ്ടിട്ടുണ്ട് എന്നും അവർക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട് എന്നും ദിലീപ് വീട്ടിൽ വച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്നും ബാല ചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. എന്നാൽ ബാല ചന്ദ്രകുമാറിന്റെ മൊഴികൾ പലതും എന്നാൽ പ്രോസിക്ക്യൂഷന്റെ വാദങ്ങൾക്ക് വിരുദ്ധമായാണ് അത് പലതും എന്നതാണ് വിധിന്യായത്തിൽ നിന്നും വ്യക്തമാകുന്നത്.
രഹസ്യനീക്കം എന്ന വാദം പൊളിയുന്നു
കേസിൽ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ചത്, ദിലീപും പൾസർ സുനിയും തമ്മിൽ അതീവ രഹസ്യമായ ഇടപാടുകളായിരുന്നു എന്ന് പറഞ്ഞാണ്. ഇരുവരും ഒരിക്കൽ പോലും നേരിട്ട് കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും, ഇടനിലക്കാർ വഴിയാണ് ആശയവിനിമയം നടത്തിയതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പിടിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് ഇവർ നീങ്ങിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ, ബാലചന്ദ്രകുമാർ രംഗത്തെത്തിയതോടെ ഈ വാദം ദുർബലമായി. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ടുവെന്നും, ഇരുവരും തമ്മിൽ സംസാരിക്കുന്നത് നേരിട്ട് കേട്ടുവെന്നും ബാലചന്ദ്രകുമാർ മൊഴി നൽകി. മാത്രമല്ല, പൾസർ സുനിയും ദിലീപും ഒരേ വാഹനത്തിൽ യാത്ര ചെയ്തെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. “ഒളിവിലായിരുന്ന പൾസർ സുനിയെ ദിലീപ് സ്വന്തം വീട്ടിൽ വെച്ച് കാണുകയും, പുറത്തുനിന്നുള്ള ഒരാളുടെ (ബാലചന്ദ്രകുമാർ) സാന്നിധ്യത്തിൽ വെച്ച് ഗൂഢാലോചന നടത്തുകയും ചെയ്തു എന്നത് വിശ്വസനീയമല്ല” എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പിടിക്കപ്പെടാതിരിക്കാൻ ദിലീപും പള്സര് സുനിയും നടിയെ ആക്രമിക്കുന്ന വരെ പരസ്പരം കണ്ടിട്ടില്ല എന്നും അതീവ രഹസ്യമായി ആണ് ഇരുവരും നീങ്ങിയെന്ന് പ്രോസിക്യൂഷൻ പറയുമ്പോൾ, പരസ്യമായി കൂടിക്കാഴ്ച നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ മൊഴി വലിയ വൈരുദ്ധ്യമായി മാറി. പ്രോസിക്യൂഷൻ പറയുന്നതിന് പൂർണമായും വിരുദ്ധമാണ് ഇത് ബാല ചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധ ശ്രമം ഗൂഢാലോചന തെളിവ് നശിപ്പിക്കൽ എന്നിവ ദിലീപിന് മേൽ ചുമത്തപ്പെട്ടത്.

ഇടയ്ക്ക് പൾസർ സുനി എവിടെ എന്ന് കോടതി ചോദിച്ചപ്പോൾ അയാൾ ഒളിവിലാണ് എന്ന് അതായത് ഒരു കാരണവശാലും പൾസർ സുനിയെ നേരിട്ട് കാണാൻ തയ്യാറാകാത്ത ഫോണിൽ പോലും ബന്ധപ്പെടാൻ ശ്രമിക്കാത്ത ദിലീപ് പൾസർ സുനിയെ സ്വന്തം വീട്ടിൽ വച്ച് കണ്ടു മൂന്നാമതൊരു വ്യക്തിയായ ബാല ചന്ദ്ര കുമാർ വന്നപ്പോൾ പോലും പൾസർ ശൂന്യ ഒളിപ്പിക്കാതെ അയാൾക്ക് മുന്നിൽ വച്ച് ഇതൊക്കെ സംസാരിച്ചു ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ കണ്ടു എന്നൊക്കെ പറയുന്നത് തീർത്തും സംശയകരമാണ്.ഈ മൊഴി എങ്ങനെ വിശ്വാസത്തിൽ എടുക്കാൻ കഴിയുന്നത് എന്ന് കോടതി ചോദിക്കുന്നു.
തെളിവുകളുടെ അഭാവം
ബാലചന്ദ്രകുമാറിന്റെ മൊഴികളെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടു എന്നതിനോ, ഒരുമിച്ച് യാത്ര ചെയ്തു എന്നതിനോ തെളിവുകളില്ലായിരുന്നു. സംശയത്തിന്റെ പേരിൽ മാത്രം ഒരാളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങൾ , അത് പ്രോസിക്യൂഷൻ ഇതുവരെ കെട്ടിപ്പടുത്ത വാദങ്ങളെ (രഹസ്യനീക്കം) തകർക്കുന്നതായിരുന്നു.
വിധിന്യായത്തിലെ മറ്റ് പരാമർശങ്ങൾ
ദിലീപിന്റെ ഫോണിൽ നിന്ന് കോടതി രേഖകൾ കണ്ടെത്തിയെന്ന വാദവും വിധിന്യായത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയതെന്നും, ഇത് മാധ്യമങ്ങളിൽ വന്നതുപോലെ കോടതി നടപടികൾ ചോർന്നതല്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ബാലചന്ദ്രകുമാറിന്റെ മരണം മൂലം ഈ മൊഴികളിലെ അവ്യക്തതകൾ നീക്കാൻ കഴിയാതെ പോയതും കേസിനെ ബാധിച്ചു. ഗൂഢാലോചന തെളിയിക്കാൻ ശക്തമായ തെളിവുകൾ വേണമെന്നിരിക്കെ, പ്രോസിക്യൂഷന്റെയും സാക്ഷികളുടെയും മൊഴികളിലെ പൊരുത്തക്കേടുകൾ ദിലീപിന് തുണയാവുകയായിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ ഈ വൈരുദ്ധ്യങ്ങൾ എങ്ങനെ മറികടക്കും എന്നത് പ്രോസിക്യൂഷന് മുന്നിലെ വലിയ വെല്ലുവിളിയാണ്.









