അഭിനയ സാധ്യതകളുടെ ഏതെങ്കിലും മേഖലകൾ എത്തിപ്പിടിക്കാൻ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് അത് കൂടെ സ്വായത്വമാക്കുക എന്ന ആവേശം നമ്മൾ എല്ലായ്പ്പോഴും മമ്മൂട്ടി എന്ന നടനിൽ കാണാറുണ്ട്. അടങ്ങാത്ത ഒരഭിനിവേശം. അത് ആ മനുഷ്യന്റെ അഭിനയത്തോട് ഉള്ള കൊതിയാണ് എന്ന് ഉറപ്പാണ്.
ഒരു കാലത്തു പുതുമുഖ സംവിധായകരെ അകറ്റി നിർത്തുകയും എന്നാല്‍ പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും അത്തരത്തിലുള്ള പുതുമുഖ സംവിധായകർ സംവിധാനം ചെയ്യുന്നത് ആണ് നമ്മൾ കാണുന്നത്. അതിനു കാരണം മുന്നെ ഉണ്ടായ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ട് കാര്യങ്ങളെ ദീർഘ വീക്ഷണത്തോടെ നോക്കിക്കാണാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്.
പണ്ട് ലാൽ ജോസിനോട് അയാളുടെ ആദ്യത്തെ പടത്തില്‍ താൻ നായകനാകാൻ റെഡിയാണ് എന്ന് അങ്ങോട്ട് കേറി പറഞ്ഞത് ആ ദീർഘ വീക്ഷണത്തിന്റെ ഭാഗമാണ്. വർഷങ്ങളായി സിനിമയുടെ പിറകെ നടക്കുന്ന പ്രതിഭയുള്ള ഒരു സംവിധായകൻ തന്റെ നൂറു ശതമാനവും അർപ്പിച്ചായിരിക്കും ആദ്യ ചിത്രമെടുക്കുക എന്ന ബോധ്യം മമ്മൂട്ടി എന്ന അഭിനയ പ്രതിഭയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെയാണ് അയാൾ ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളായത്.
മലയാളത്തിലെ പുതു തലമുറ സംവിധായകരിൽ പ്രതിഭാധനനായ സവിധായകൻ ആണ് ലിജോ ജോസ് പല്ലിശ്ശേരി. അന്തരിച്ച നടൻ ജോസ് പല്ലിശേരിയുടെ മകൻ. വ്യത്യസ്തമായ വീക്ഷണ തലത്തിൽ നിന്ന് സിനിമയെ കാണുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘നൻപകൽ നേരത്തു മയക്കം’. IFFK പോലെയുള്ള ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പല്ലിശേരിയുടെ തന്നെ കഥയ്ക്ക് പ്രമുഖ എഴുത്തുകാരൻ എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയത്.
തീയറ്റർ റിലീസിലും ഒ ടി ടി റിലീസിലും മികച്ച അഭിപ്രായം ചിത്രം നേടി. ഇപ്പോൾ ചിത്രത്തെ അതി നിഷിധമായി വിമർശിച്ചു കൊണ്ട് എഴുത്തുകാരിയും ഓൾ ഇന്ത്യ റേഡിയോയിൽ പ്രോഗ്രാം അന്നൗൺസറുമായ വി എം ഗിരിജ ദേവിയുടെ കുറിപ്പാണു വൈറലാവുന്നത്.
സിനിമ താൻ നെറ്റ്ഫ്ലിക്സിലൂടെ കണ്ടെന്നും അടിസ്ഥാനപരമായി സിനിമ നിലനിർത്തുന്ന ഒരു മിസ്റ്ററി അല്ലാതെ മറ്റൊന്നും അതിലില്ലെന്നാണ് എഴുത്തുകാരിയുടെ ഭാഷ്യം. അയുക്തിയെ യുക്തിയോട് കൂട്ടി ചേർത്തുകൊണ്ട് ഒരു കഥ തന്തു സൃഷ്ട്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല എന്ന രീതിയിലാണ് വിമർശനം.
അസാധ്യ നടനായ മമ്മൂട്ടിയെ സ്വാഭാവിക അഭിനയത്തിന് വിടാതെ പിടിച്ചു കെട്ടി വച്ചിരിക്കുകയാണ് സംവിധായകൻ ചിത്രത്തിൽ എന്നും, ഈ സിനിമ തനിക്ക് ഒരു പൊട്ട പ്രൊഫഷണൽ നാടകം പോലെ തോന്നിപ്പോയി എന്നും എഴുത്തുകാരി കുറിക്കുന്നുണ്ട്. എന്നാൽ സംവിധായകനും നായകനും തന്റെ ഏറ്റവും പ്രീയപ്പെട്ടവരും, ഇരുവരുടെയും വർക്കുകൾ തനിക്ക് ഒരുപാടു ഇഷ്ടമുള്ളതുമാണ് എന്നും അതുകൊണ്ടു തന്റെ കുറിപ്പ് സ്നേഹപൂര്വമുള്ള വിയോജിപ്പാണ് എന്നും വി എം ഗിരിജ കുറിക്കുന്നു.
വി എം ഗിരിജയുടെ കുറിപ്പ്.
പലരും ഇവരുടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട് . എഴുത്തുകാരി ശാരദക്കുട്ടി ഈ പോസ്റ്റിനെ അനുകൂലിച്ചു ഒരു സ്റ്റിക്കർ കമെന്റ് ഇട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ശ്രദ്ദേയമായ ഒരു കമെന്റ് എന്ന് തോന്നിയത് പ്രശസ്ത എഴുത്തുകാരനും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ പ്രസിഡന്റുമായ വികെ ജോസഫിന്റെതാണ്. അതിങ്ങനെയാണ്
“സിനിമയെക്കുറിച്ച് നമ്മളോരോരുത്തരും ധരിച്ചു വെച്ചിട്ടുള്ള ധാരണകളാണ് പ്രശ്നം. നമുക്കിഷ്ടപ്പെടാത്ത രചനകളൊക്കെ പൊട്ടയാണെന്നു പറയുന്നത് അതുകൊണ്ടാണ്. നമുക്കിഷ്ടമായില്ലെന്ന് പറയാം. അത്രമാത്രം.
എനിക്കത് വളരെ വിസ്മയകരമായ ഒരനുഭവം ആയിട്ടാണ് തോന്നിയത്. സിനിമ എപ്പോഴും യുക്തികൾക്കുള്ളിൽ ആഖ്യാനപ്പെടുന്നതല്ല. ചിലപ്പോളത് സ്വപ്നം പോലെ യുക്തിയില്ലാത്ത, കൺവെൻഷണൽ ന്യായീകരണങ്ങൾക്ക് വഴങ്ങാതെ പുറത്തേക്ക് സഞ്ചരിക്കുന്നതും ആവാം.”
എഴുത്തുകാരിയുടെ എഴുത്തിനെ പൂർണമായി അനുകൂലിച്ചുകൊണ്ട് നിരവധി കമെന്റുകളും ഇതിനൊപ്പം വരുന്നുണ്ട്. അതോടൊപ്പം തന്നെ രൂക്ഷ വിമര്‍ശങ്ങളും ഉയരുന്നുണ്ട്.