
ക്യാമറയ്ക്ക് പിന്നിലെ നസീർ: ആരും കാണാതെ ഒപ്പിയ കണ്ണീരിന്റെ കഥകൾ
വെള്ളിത്തിരയിൽ പ്രേം നസീർ വാൾ പയറ്റുമ്പോൾ തിയേറ്ററുകളിൽ ആവേശത്തിന്റെ ആരവം ഉയരും. നായകൻ വില്ലനെ മലർത്തിയടിക്കുമ്പോൾ ആൾക്കൂട്ടം ആർത്തുവിളിക്കും. എന്നാൽ ആ കയ്യടികൾക്കിടയിൽ നമ്മളാരും കാണാത്ത ചില മുഖങ്ങളുണ്ട്; നായകന് വേണ്ടി സ്വന്തം ശരീരം പണയപ്പെടുത്തുന്ന ഡ്യൂപ്പുകളുടെ, അഥവാ സ്റ്റണ്ട് കലാകാരന്മാരുടെ മുഖം. സിനിമയുടെ വെള്ളിവെളിച്ചത്തിൽ പലപ്പോഴും മറഞ്ഞുപോകാറുള്ള ഈ ജീവിതങ്ങളെ, മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് ചേര്‍ത്തുപിടിച്ചതെന്നറിയാമോ? ഇത് ആരും അധികം പറയാത്ത, എന്നാൽ കേൾക്കുന്നവരുടെ ഹൃദയം നിറയ്ക്കുന്ന ചില യഥാർത്ഥ കഥകളാണ്.
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന്റെ ഓർമ്മകളിലാണ് ഈ നന്മയുടെ അധ്യായങ്ങൾ തുടങ്ങുന്നത്. നസീറിന് വേണ്ടി നൂറുകണക്കിന് സിനിമകളിൽ സംഘട്ടന രംഗങ്ങൾ ഒരുക്കിയത് ത്യാഗരാജനാണ്. പൊതുവേ സാഹസിക രംഗങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്ന നസീറിന് വേണ്ടി അപകടകരമായ രംഗങ്ങൾ ചെയ്തിരുന്നത് ത്യാഗരാജന്റെ സംഘത്തിലെ കലാകാരന്മാരായിരുന്നു. അവർക്ക് സംഭവിക്കുന്ന ഓരോ പോറലും നസീറിന്റെ ഹൃദയത്തിലാണ് മുറിവേൽപ്പിച്ചിരുന്നത്.
കണ്ണപ്പനുണ്ണിയിലെ ചോരപ്പാടുകൾ
‘കണ്ണപ്പനുണ്ണി’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം നടക്കുന്നു. വാൾപ്പയറ്റിനിടെ നസീറിന്റെ ഡ്യൂപ്പായി അഭിനയിച്ച ആളുടെ വാൾ അബദ്ധത്തിൽ സഹതാരമായ മണിവർണ്ണന്റെ കയ്യിൽ ആഴത്തിൽ പതിച്ചു. സെറ്റിലാകെ രക്തം തളംകെട്ടി. എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുനിന്നപ്പോൾ, ഷൂട്ടിംഗ് നിർത്തിവെച്ച് നസീർ ഓടിയെത്തി. വേദനകൊണ്ട് പുളയുന്ന മണിവർണ്ണനെ കണ്ട അദ്ദേഹം ത്യാഗരാജനോട് പറഞ്ഞു, “വേഗം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കൂ!”
അത് വെറുമൊരു നിർദ്ദേശമായിരുന്നില്ല. രണ്ടാഴ്ച നീണ്ട ആശുപത്രി വാസത്തിലെ മുഴുവൻ ചെലവും വഹിച്ചത് നസീറായിരുന്നു. പോരാത്തതിന്, മണിവർണ്ണന്റെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങൾ മുടങ്ങാതെ എത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. “താൻ ഒറ്റപ്പെട്ടുപോയി എന്ന് മണിവർണ്ണന് തോന്നരുത്,” എന്ന് അദ്ദേഹം ത്യാഗരാജനോട് പറഞ്ഞിരുന്നു. ഈ സഹായങ്ങളൊന്നും പക്ഷേ, അദ്ദേഹം ആരെയും അറിയിച്ചില്ല.
ദൈവമായി മാറിയ നസീർ സാർ
ഇതിലും ഹൃദയസ്പർശിയായ മറ്റൊരനുഭവമുണ്ട്. ‘പാലാട്ട്കുഞ്ഞിക്കണ്ണൻ’ എന്ന സിനിമയിൽ നസീറിന്റെ ഡ്യൂപ്പായി കുതിരപ്പുറത്ത് നിന്നും ചാടുന്ന ഒരു രംഗമുണ്ടായിരുന്നു. ജീവ എന്ന സ്റ്റണ്ട് കലാകാരനാണ് അത് ചെയ്തത്. എന്നാൽ വിധി മറ്റൊന്നായിരുന്നു. ചാട്ടത്തിനിടെ അയാളുടെ കയ്യും കാലും ഒടിഞ്ഞു താഴെ വീണ ജീവയുടെ തലക്ക് കുതിര ചവിട്ടി , തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അതോടെ ജീവയുടെ സിനിമാജീവിതം അവസാനിച്ചു. മൂന്ന് പെൺമക്കളുള്ള ആ കുടുംബം അക്ഷരാർത്ഥത്തിൽ പട്ടിണിയിലായി. അന്ന് താൻ അല്പം പണം ജീവയെ ഏൽപ്പിക്കാൻ നോക്കിയപ്പോൾ അയാൾ അത് നിരസിച്ചു. ഇപ്പോൾ ജീവിക്കാനുള്ളത് ദൈവം തരുന്നുണ്ട് സാർ എന്തെങ്കിലും ആവശ്യമുണ്ടേൽ പറയാം എന്ന് പറഞ്ഞു അയാൾ പോയി അയാൾ ഇനി സിനിമയിലേക്കില്ല എന്ന് അതോടെ അയാളുടെ ഭാര്യയും കുടുംബവും തീരുമാനിച്ചു
വർഷങ്ങൾക്ക് ശേഷം ത്യാഗരാജൻ മാസ്റ്റർ യാദൃശ്ചികമായി ജീവയെ കണ്ടുമുട്ടി. മദ്രാസിലെ താമ്പരത്ത് ഒരു ചെറിയ ചായക്കട നടത്തുകയായിരുന്നു അയാൾ. ആ കടയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പ്രേം നസീറിന്റെ ചിത്രം കണ്ട് ത്യാഗരാജൻ അതിനെക്കുറിച്ച് ചോദിച്ചു. കണ്ണുനിറഞ്ഞുകൊണ്ട് ജീവ പറഞ്ഞു, “അദ്ദേഹമാണ് സാർ എന്റെ ദൈവം. നസീർ സാറില്ലായിരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും എന്നേ മണ്ണടിഞ്ഞുപോയേനെ.”
ആശുപത്രിയിൽ കിടന്ന ജീവയുടെ ചികിത്സാച്ചെലവുകൾ രഹസ്യമായി വഹിച്ചതും, ജീവിതം വഴിമുട്ടിയപ്പോൾ ഈ ചായക്കട തുടങ്ങാൻ പണം നൽകിയതും, മൂന്ന് പെൺമക്കളെയും നല്ല നിലയിൽ വിവാഹം കഴിപ്പിച്ചയക്കാൻ സഹായിച്ചതും സാക്ഷാൽ പ്രേം നസീറായിരുന്നു. “എന്നെ ദൈവം കൈവിടില്ലെന്ന് ഞാൻ മുൻപ് മാസ്റ്ററോട് പറഞ്ഞിട്ടില്ലേ? എന്റെ ദൈവം നസീർ സാറാണ്. അദ്ദേഹത്തിന്റെ മുഖം ഈ ചുവരിലല്ല, എന്റെ ഹൃദയത്തിലാണ് ഞാൻ പതിച്ചുവെച്ചിരിക്കുന്നത്,” ജീവയുടെ ആ വാക്കുകളിൽ ഒരു യുഗപുരുഷന്റെ, സ്നേഹം നിറഞ്ഞ മനസ്സിന്റെ ചിത്രം തെളിഞ്ഞുകാണാമായിരുന്നു.
ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾക്കാണ് പ്രേം നസീർ എന്ന മനുഷ്യസ്നേഹി താങ്ങും തണലുമായത്. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും യഥാർത്ഥ നായകനായിരുന്നു അദ്ദേഹം.