
ഒരുകാലത്ത് സിനിമാ ലോകത്തെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്ന തമന്ന ഭാട്ടിയയും വിജയ് വർമ്മയും വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും, ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുവർക്കും താൽപര്യം. തിരക്കേറിയ ഷെഡ്യൂളുകളാണ് വേർപിരിയലിലേക്ക് നയിച്ചതെന്നാണ് സൂചന. ആരാധകർക്ക് അപ്രതീക്ഷിതമായ വാർത്തയാണെങ്കിലും, ഇരുവരുടെയും തീരുമാനം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും, ഇവർക്കിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
2023-ൽ പുറത്തിറങ്ങിയ ‘ലസ്റ്റ് സ്റ്റോറീസ് 2’ എന്ന ചിത്രത്തിൻ്റെ റിലീസിനോടനുബന്ധിച്ചാണ് ഇരുവരുടെയും പ്രണയം പൊതുജന ശ്രദ്ധ നേടുന്നത്. തങ്ങളുടെ ബന്ധം മനഃപൂർവം മറച്ചുവെച്ചിരുന്നില്ലെന്നും, എന്നാൽ സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് താൽപര്യപ്പെട്ടതെന്നും വിജയ് വർമ്മ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും സുഹൃത്തുക്കൾ ചിത്രങ്ങൾ പങ്കുവെക്കുമ്പോഴുമെല്ലാം ശ്രദ്ധിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ തമന്ന ഭാട്ടിയയും വിജയ് വർമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം സ്വാഭാവികമായി രൂപപ്പെട്ടതാണെന്നും, സത്യസന്ധതയോടെയാണ് വിജയ് തന്നോട് പെരുമാറിയതെന്നും തമന്ന പറഞ്ഞു. കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തനിക്ക്, യാതൊരു മറയുമില്ലാതെ സ്വയം ആയിരിക്കാൻ കഴിയുന്ന ഒരു ബന്ധം സന്തോഷം നൽകി. വിജയ് തന്റെ സന്തോഷത്തിൻ്റെ ഉറവിടമാണെന്നും, അദ്ദേഹത്തെ താൻ ഏറെ വിലമതിക്കുന്നുവെന്നും തമന്ന പറഞ്ഞിരുന്നു.
പ്രണയം ബന്ധനമായി തോന്നരുതെന്നാണ് തൻ്റെ കാഴ്ചപ്പാടെന്ന് ശുഭങ്കർ മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞിരുന്നു. പരസ്പരം ഇഷ്ടപ്പെടുന്നെങ്കിൽ ബന്ധം മറച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് ഇരുവരും വിശ്വസിച്ചിരുന്നു. എന്നാൽ, സമൂഹത്തിന് വ്യക്തിപരമായ കാര്യങ്ങളിൽ അമിതമായ താൽപര്യമുണ്ടെന്നും, ബന്ധങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രണയകഥ അവസാനിച്ചെങ്കിലും, ഇരുവരും തങ്ങളുടെ കരിയറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വിജയ് വർമ്മയുടെ അഭിനയം വിവിധ സിനിമകളിലും സീരീസുകളിലും പ്രശംസ നേടുന്നു. തമന്ന ഭാട്ടിയ അവസാനമായി ‘സ്ത്രീ 2’ എന്ന ഹിറ്റ് ചിത്രത്തിലാണ് അഭിനയിച്ചത്.