
തെന്നിന്ത്യൻ സിനിമയുടെ അതിരുകൾ ഭേദിച്ച് ഇന്ത്യൻ സിനിമയുടെ തന്നെ മുൻനിര നായികയായി വളർന്ന സാമന്ത റൂത്ത് പ്രഭുവിന്റെ ജീവിതം കഠിനാധ്വാനത്തിന്റെ ഒരു വലിയ വിജയഗാഥയാണ്. ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന താരറാണിയായി തിളങ്ങിനിൽക്കുമ്പോഴും, തന്റെ എളിയ തുടക്കങ്ങളെക്കുറിച്ച് ഓർക്കാൻ സാമന്തയ്ക്ക് ഒട്ടും മടിയില്ല. വെറും 500 രൂപയിൽ നിന്ന് തുടങ്ങി, ഏകദേശം 110 കോടി രൂപയുടെ ആസ്തിയിലേക്ക് വളർന്ന സാമന്തയുടെ സാമ്പത്തിക യാത്രയും, സംവിധായകൻ രാജ് നിഡിമോരുവുമായുള്ള പുതിയ ജീവിതവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എട്ടുമണിക്കൂർ ജോലിക്ക് 500 രൂപ
ഇന്ന് ആഡംബരങ്ങളുടെ നടുവിൽ ജീവിക്കുമ്പോഴും, തന്റെ ആദ്യ ശമ്പളത്തെക്കുറിച്ച് സാമന്ത പങ്കുവെച്ച ഓർമ്മകൾ ആരാധകർക്ക് വലിയൊരു പ്രചോദനമാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച പെൺകുട്ടിയാണ് സാമന്ത. പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ പഠിക്കുമ്പോഴാണ് സാമന്ത തന്റെ ആദ്യ ജോലി ചെയ്യുന്നത്.

ഒരു ഹോട്ടലിൽ നടന്ന കോൺഫറൻസിൽ ‘ഹോസ്റ്റസ്’ ആയിട്ടായിരുന്നു ജോലി. “എട്ട് മണിക്കൂർ നീണ്ട ജോലിക്കൊടുവിൽ അന്ന് കൈയിൽ കിട്ടിയത് 500 രൂപയാണ്,” സാമന്ത മുൻപ് ഒരു ഇൻസ്റ്റാഗ്രാം സെഷനിൽ വെളിപ്പെടുത്തിയിരുന്നു. തുക ചെറുതായിരുന്നെങ്കിലും, അത് നൽകിയ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ രുചിയും വലുതായിരുന്നുവെന്ന് താരം ഓർക്കുന്നു. ആ 500 രൂപയിൽ നിന്നാണ് ഇന്ന് കാണുന്ന സാമന്തയിലേക്കുള്ള യാത്ര തുടങ്ങിയത്.
500-ൽ നിന്ന് 10 കോടിയിലേക്ക്
കഠിനാധ്വാനം കൊണ്ട് വിധി മാറ്റിയെഴുതിയ സാമന്ത, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. വരുൺ ധവാനൊപ്പം അഭിനയിച്ച ബോളിവുഡ് വെബ് സീരീസായ ‘സിറ്റാഡൽ: ഹണി ബണ്ണി’ (Citadel: Honey Bunny) യ്ക്കായി താരം വാങ്ങിയ പ്രതിഫലം ഏകദേശം 10 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
സിനിമകൾ, വെബ് സീരീസുകൾ, പരസ്യങ്ങൾ എന്നിവയിലൂടെയായി ഏകദേശം 100 മുതൽ 110 കോടി രൂപ വരെയാണ് സാമന്തയുടെ നിലവിലെ ആസ്തി. ‘ദി ഫാമിലി മാൻ’ സീരീസിലെ രാജി എന്ന കഥാപാത്രത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ സാമന്തയുടെ വിപണി മൂല്യം കുതിച്ചുയരുകയായിരുന്നു.
പുതിയ ജീവിതത്തിലേക്ക്

ഇതിനിടെ, സാമന്തയുടെ വ്യക്തിജീവിതത്തിലും വലിയൊരു സന്തോഷവാർത്ത എത്തിയതായാണ് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകനായ രാജ് നിഡിമോരുവിനെ സാമന്ത വിവാഹം കഴിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡിസംബർ ഒന്നിന് കോയമ്പത്തൂരിൽ വെച്ച് അതീവ രഹസ്യമായാണ് വിവാഹം നടന്നത്.
ആഡംബരങ്ങളില്ലാതെ, തികച്ചും ആത്മീയമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. കോയമ്പത്തൂരിലെ ലിംഗ ഭൈരവി ക്ഷേത്രസന്നിധിയിൽ വെച്ച്, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും ഒന്നിച്ചതായാണ് വിവരം. ആത്മീയതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സാമന്ത, തന്റെ വിവാഹവും അങ്ങനെ തന്നെയാകാൻ ആഗ്രഹിച്ചിരുന്നു. ‘ദി ഫാമിലി മാൻ’, ‘സിറ്റാഡൽ’ തുടങ്ങിയ ഹിറ്റ് സീരീസുകളുടെ സംവിധായകനാണ് രാജ് നിഡിമോരു.
ഒരു സാധാരണക്കാരിയയി തുടങ്ങി, കരിയറിലെ ഉയർച്ച താഴ്ചകളെയും ആരോഗ്യപ്രശ്നങ്ങളെയും അതിജീവിച്ച്, ഇപ്പോൾ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സാമന്ത. തോൽക്കാൻ മനസ്സില്ലാത്തവർക്ക് ജീവിതം എപ്പോഴും അത്ഭുതങ്ങൾ കരുതിവെച്ചിട്ടുണ്ടാകും എന്നതിന് തെളിവാണ് സാമന്തയുടെ ഈ യാത്ര.











