
മലയാളിയുടെ സദാചാര ബോധത്തിന് എന്നും ‘ഇക്കിളി’യുണ്ടാക്കുന്ന ഒന്നാണ് സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ. അത് ചെയ്യുന്ന നായകൻ ‘റൊമാന്റിക് ഹീറോ’ ആകുമ്പോൾ, നായിക പലപ്പോഴും ‘മോശം സ്ത്രീ’യായി മുദ്രകുത്തപ്പെടുന്നു. ഈ ഇരട്ടത്താപ്പിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച നടക്കുന്നത്. യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ ടീസറിലെ ഒരു രംഗമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ, ഈ വിഷയത്തിൽ സംവിധായിക ഗീതു മോഹൻദാസിന് ശക്തമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും.
സോഷ്യൽ മീഡിയയിലെ വൈറൽ കുറിപ്പ്
‘ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും…’ എന്ന തലക്കെട്ടിൽ ഒരു സിനിമാ പേജിൽ വന്ന കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്. ദിവ്യപ്രഭയും ഇതേ കുറിപ്പ് പങ്കുവെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിനിമയിലെ ലൈംഗികതയെ മലയാളി നോക്കിക്കാണുന്ന രീതിയിലെ കാപട്യത്തെ ഈ കുറിപ്പ് കീറിമുറിക്കുന്നുണ്ട്.
സമീപകാലത്ത് പുറത്തിറങ്ങിയ ‘ഡീയസ് ഈറെ’ എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നടി അതുല്യ ചന്ദ്ര നേരിട്ട സൈബർ ആക്രമണങ്ങളെ കുറിപ്പിൽ എടുത്തുപറയുന്നു. ആ രംഗങ്ങളിൽ ഒപ്പമുണ്ടായിരുന്ന പ്രണവ് മോഹൻലാൽ എന്ന നടൻ ചർച്ചകളിൽ നിന്ന് എങ്ങനെയോ അപ്രത്യക്ഷനായി. മുഴുവൻ പഴിയും അതുല്യയുടെ മാത്രം തലയിലായി. സമാനമായ അനുഭവം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദിവ്യപ്രഭയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ലൈംഗികതയുടെ ഭാരം എന്നും സ്ത്രീയുടെ ചുമലിൽ മാത്രം കെട്ടിവെക്കുന്ന പ്രവണതയെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.
ടോക്സിക്കിലെ ‘അശ്ലീലം’
‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള, വികാരാധീനമായ ഒരു രംഗത്തെ ‘അശ്ലീലം’ എന്നും ‘വൃത്തികെട്ടത്’ എന്നും വിളിക്കുന്നതിനെ കുറിപ്പ് വിമർശിക്കുന്നു. രണ്ട് പേർ പരസ്പര സമ്മതത്തോടെ ചെയ്യുന്ന കാര്യം എങ്ങനെയാണ് അശ്ലീലമാകുന്നത്? സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ, അവളുടെ ശബ്ദമോ ഭാവങ്ങളോ ഒക്കെ മലയാളിക്ക് ഇന്നും അരോചകമാണ്. ‘മായാനദി’യും ‘4 ഇയേഴ്സും’ പോലുള്ള സിനിമകൾ സ്വീകരിക്കപ്പെട്ട മണ്ണിൽ, ഇത്തരം ഇരട്ടത്താപ്പുകൾ നിലനിൽക്കുന്നു എന്നത് സങ്കടകരമാണ്. കാഴ്ചപ്പാടിലെ പ്രശ്നമാണ് ഇതിനെല്ലാം കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
വിമർശനങ്ങളുടെ മറുപുറം
റിമയും ദിവ്യപ്രഭയും പങ്കുവെച്ച കുറിപ്പിന് താഴെ ഗീതുവിനെ വിമർശിച്ചും നിരവധി പേർ എത്തുന്നുണ്ട്. ‘മായാനദി’യിലെ പ്രണയരംഗങ്ങളും ‘ടോക്സിക്കി’ലെ രംഗങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഇവരുടെ വാദം. മായാനദിയിൽ അത് കഥയുടെ ഭാഗമായിരുന്നുവെങ്കിൽ, ഇവിടെ നായകന്റെ ‘മാസ്സ്’ കാണിക്കാൻ വേണ്ടി സ്ത്രീശരീരത്തെ ഉപയോഗിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
“കസബയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച ഗീതു തന്നെ, ഇപ്പോൾ സ്വന്തം സിനിമയിൽ നായകന്റെ പൗരുഷം കാണിക്കാൻ സ്ത്രീയെ വെറുമൊരു വസ്തുവാക്കി മാറ്റുന്നു” എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിമർശനം. പണ്ട് ‘സേ ഇറ്റ്’ എന്ന് പറഞ്ഞ് കൈയ്യടി നേടിയ ഗീതു, ഇപ്പോൾ സ്വന്തം സിനിമയുടെ ഹൈപ്പിന് വേണ്ടി ആദർശങ്ങളിൽ വെള്ളം ചേർക്കുന്നുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്തായാലും, ‘ടോക്സിക്’ എന്ന സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ വലിയൊരു ആശയപോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. സ്ത്രീശരീരം, ലൈംഗികത, സദാചാരം എന്നിവയെ ചുറ്റിപ്പറ്റിയുള്ള മലയാളിയുടെ കാഴ്ചപ്പാടുകൾ മാറ്റാൻ ഇത്തരം ചർച്ചകൾ സഹായിക്കുമോ എന്ന് കണ്ടറിയണം.










