
താൻ ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിൽ നിന്ന് നേരിടുന്ന അവഗണനയെക്കുറിച്ചും, എന്നാൽ മരണശേഷം ലഭിക്കാനിടയുള്ള പുകഴ്ത്തലുകളെക്കുറിച്ചും നടൻ കലാഭവൻ മണി ഒരു പഴയ അഭിമുഖത്തിൽ നടത്തിയ നിരീക്ഷണങ്ങൾ വീണ്ടും ശ്രദ്ധ നേടുന്നു. താൻ മരിച്ചു കിടക്കുമ്പോൾ എല്ലാവരും തന്നെ ‘നല്ല മനുഷ്യൻ’ എന്ന് വിളിക്കുമെന്ന് ഉറപ്പുണ്ടെന്നും, എന്നാൽ ആ നല്ല വാക്കുകൾ കേൾക്കാൻ തനിക്ക് അന്ന് കഴിയില്ലല്ലോ എന്നുമുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ ഹൃദയസ്പർശിയാണ്. മാധ്യമങ്ങൾ തൻ്റെ മരണത്തെ ഒരു വലിയ ‘പ്രോഗ്രാം’ ആയി ആഘോഷിക്കുമെന്നും അദ്ദേഹം അന്ന് പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
തൻ്റെ പൊതുസമൂഹത്തിലെ പ്രതിച്ഛായയെക്കുറിച്ചാണ് മണി ആദ്യം സംസാരിച്ചു തുടങ്ങിയത്. “ഇപ്പോ സമൂഹത്തിൻ്റെ മുമ്പിൽ ഞാനൊരു വൃത്തികെട്ടവനാണ്. പക്ഷേ, ഈ പറയുന്ന എല്ലാവരും എന്നെ നല്ല മനുഷ്യനായിട്ട് പറയുന്ന ഒരു ദിവസം ഉണ്ട്, അത് ഞാൻ മരിച്ചു കിടക്കുമ്പോഴാണ്,” മണി പറഞ്ഞു. “അന്ന് എല്ലാവരും പറയും, ‘നല്ല മനുഷ്യനായിരുന്നു ട്ടോ, എന്താ ചെയ്യാ’ എന്ന്. പക്ഷെ ആ നല്ല വാർത്ത കേൾക്കാൻ അന്ന് മണിക്ക് കഴിയില്ലല്ലോ ഏന് അവതാരകൻ പറയുമ്പോൾ , എനിക്ക് കേൾക്കാൻ പറ്റില്ല,” അദ്ദേഹം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞുനിർത്തി.
മാധ്യമങ്ങൾ തൻ്റെ മരണത്തെ എങ്ങനെയാവും കൈകാര്യം ചെയ്യുക എന്നതിനെക്കുറിച്ചും മണിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. “മീഡിയാസിന് പോലും ഒരു ഒന്നര മാസം വരെ നിൽക്കുന്ന ഒരു പ്രോഗ്രാം ഉണ്ടാവും എന്നെ പറ്റി. ‘ഞാൻ മരിച്ചു പോയി, ഇത്ര ഇത്ര ഇതിൽ ജനിച്ചു, നാടൻ പാട്ട് കണ്ടുപിടിച്ചു, ഇന്ന സിനിമയിൽ പാടി, ഇത്ര പടത്തിൽ അഭിനയിച്ചു, അവാർഡ് കിട്ടാത്തതിൽ ബോധം കെട്ടുവീണു’… എന്നിങ്ങനെ എന്തൊക്കെയാ വാർത്തകളായിരിക്കും അന്ന് വരുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ മരണവാർത്തയ്ക്കായി ആളുകൾ കാത്തിരിക്കുകയാണോ എന്ന് സംശയം പ്രകടിപ്പിച്ച മണി, തൻ്റെ വ്യാജ മരണവാർത്ത മുൻപ് പ്രചരിച്ചതിനെയും ഓർമ്മിച്ചു. “ഇതൊക്കെ കാത്തിരിക്കുവാണ് എല്ലാവരും,” അദ്ദേഹം പറഞ്ഞു. പല മാധ്യമങ്ങളും തൻ്റെ മരണവാർത്ത സംബന്ധിച്ച ഉള്ളടക്കം നേരത്തെ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടാവാം എന്നും അദ്ദേഹം നിരീക്ഷിച്ചു. “ഇതിപ്പോ പ്രിൻ്റ് ചെയ്ത് വെച്ചിട്ടുണ്ടാവും. ഓൾറെഡി അടിച്ചു വെച്ചിട്ടുണ്ടാവും. കാരണം ആ നേരത്ത് ചിലപ്പോൾ സമയം കിട്ടി എന്ന് വരില്ലല്ലോ,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
അഭിമുഖത്തിനിടെ, നിലവിലെ മാധ്യമപ്രവർത്തന ശൈലി വിവാദങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതാണെന്നും, പ്രശസ്തരായ വ്യക്തികളെ സംബന്ധിച്ച വിവാദങ്ങൾ എടുത്ത് ആഘോഷിക്കുകയും അത് വിറ്റ് കാശാക്കുകയുമാണ് രീതിയെന്നും അവതാരകൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് കലാഭവൻ മണി തൻ്റെ മനസ്സുതുറന്നത്. ജീവിച്ചിരുന്നപ്പോൾ നേരിട്ട വിമർശനങ്ങളെക്കുറിച്ചും, മരണാനന്തരം ലഭിക്കുമെന്ന് ഉറപ്പുള്ള പുകഴ്ത്തലുകളെക്കുറിച്ചുമുള്ള മണിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഈ വാക്കുകൾ, അദ്ദേഹത്തിൻ്റെ വേർപാടിന് വർഷങ്ങൾക്കിപ്പുറവും മലയാളികളുടെ മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നു.
