ഷൂട്ടിംഗ് തീരും വരെ ഈ ജില്ലയിൽ നിങ്ങളെ കണ്ടുപോകരുത്!”; മമ്മൂട്ടിയോട് ശ്രീനിവാസൻ കയർതുകൊണ്ടു പറഞ്ഞു -കഥ പറയുമ്പോൾ സിനിമയുടെ പിന്നാമ്പുറ കഥ ഇങ്ങനെ

2

മലയാള സിനിമ ലോകത്തെ സൗഹൃദങ്ങളെക്കുറിച്ചും പിണക്കങ്ങളെക്കുറിച്ചും ഗോസിപ്പുകളെ കുറിച്ചും നടന്മാരുടെ ജീവിത രീതികളെ കുറിച്ചുമൊക്കെ എപ്പോഴും ആരാധകർക്ക് അറിയാൻ കൗതുകമാണ്. ചിലപ്പോൾ ഒരു സിനിമയുടെ കഥയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങളാകും അണിയറയിൽ അരങ്ങേറുക. അത്തരമൊരു സംഭവമാണ്, തന്റെ സ്വതസിദ്ധമായ ശൈലിയിൽ, ശ്രീനിവാസൻ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. സൂപ്പർഹിറ്റ് ചിത്രമായ ‘കഥ പറയുമ്പോൾ’ എന്ന സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയുമായി തനിക്കുണ്ടായ ഒരു ‘ഏറ്റുമുട്ടലിന്റെ’ ഓർമ്മ. ശ്രീനിവാസൻ പറഞ്ഞിരുന്നു , അന്ന് കാര്യങ്ങൾ അത്ര നിസ്സാരമായിരുന്നില്ല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തത്തിലാണ് ശ്രീനിവാസൻ ഈ കാര്യം പറഞ്ഞത്.

ശ്രീനിവാസനും മുകേഷും ചേർന്ന് നിർമ്മിച്ച ചിത്രമായിരുന്നു ‘കഥ പറയുമ്പോൾ’. സിനിമയിലെ സൂപ്പർസ്റ്റാർ അശോക് രാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെ ശ്രീനിവാസന് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. കഥ കേട്ടപ്പോൾ മമ്മൂട്ടിക്കും ഏറെ ഇഷ്ടമായി. തുടർന്ന്, അഡ്വാൻസ് തുകയുമായി ശ്രീനിവാസനും മുകേഷും മമ്മൂട്ടിയുടെ വീട്ടിലെത്തി. അവിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചിത്രം നിർമ്മിച്ചത് ശ്രീനിവാസനും മുകേഷും ഒന്നിച്ചായിരുന്നു.

ADVERTISEMENTS
   

“നിങ്ങളുടെ കയ്യിൽ നിന്ന് പണമോ? അതിന്റെ ആവശ്യമില്ല. ആ പണം നിങ്ങൾ വേറെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കൂ,” എന്നായിരുന്നു മമ്മൂട്ടിയുടെ സ്നേഹത്തോടെയുള്ള മറുപടി. എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം പണം വാങ്ങാൻ കൂട്ടാക്കിയില്ല. സൗഹൃദത്തിന്റെ പേരിൽ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന അദ്ദേഹത്തിന്റെ വാക്ക് നിർമ്മാതാക്കളായ അവർക്ക് വലിയ ആശ്വാസമായി.

എന്നാൽ കഥയിലെ ട്വിസ്റ്റ് വരുന്നത് സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചപ്പോഴാണ്. മമ്മൂട്ടിക്ക് ഏഴ് ദിവസത്തെ ഡേറ്റാണ് വേണ്ടിയിരുന്നത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങാറായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരുറപ്പും ലഭിച്ചില്ല. മേക്കപ്പ് മാൻ ജോർജിനോട് സംസാരിച്ചപ്പോൾ അതിനെ കുറിച്ച് മറ്റു കാര്യങ്ങൾ ഒന്നും തീരുമാനിച്ചില്ലല്ലോ എന്നാണ് അയാൾ പറഞ്ഞത് ,ആ മറ്റു കാര്യങ്ങൾ എന്താണെന്നു തനിക്കും മനസിലായില്ല. ശ്രീനിവാസൻ മുകേഷിനെ വിളിച്ച് കാര്യം തിരക്കാൻ ആവശ്യപ്പെട്ടു,മമ്മൂട്ടിയോട് നേരിട്ട് സംസാരിക്കാൻ പറഞ്ഞു.. മുകേഷ് നേരിട്ടുപോയി സംസാരിച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി അവരെ ഞെട്ടിച്ചു. “ഏഴ് ദിവസമോ? നിങ്ങളെന്നോട് മൂന്ന് ദിവസമല്ലേ പറഞ്ഞത്? ഏഴ് ദിവസം വേണമെങ്കിൽ നമ്മുടെ വ്യവസ്ഥകളും നിബന്ധനകളും മാറും.” മമ്മൂട്ടി പറഞ്ഞു

ഇതൊരു തരം ഉടായിപ്പാണ്‌ എന്ന് ശ്രീനിവാസന് മനസ്സിലായി. അദ്ദേഹം നേരെ ഇന്നസെന്റിനെ വിളിച്ച് കാര്യം പറഞ്ഞു. “അവനോട് പോവാൻ പറ, നമുക്ക് ലാലിനെ വിളിച്ച് ഈ റോൾ ചെയ്യിക്കാം” എന്നായിരുന്നു ഇന്നസെന്റിന്റെ പെട്ടെന്നുള്ള മറുപടി. എന്നാൽ ശ്രീനിവാസൻ വഴങ്ങിയില്ല. “അതാണ് പ്രശ്നം. ഈ കഥാപാത്രത്തിന് മമ്മൂട്ടിയെപ്പോലെ ജാഡയും അഹങ്കാരവുമുള്ള ഒരാൾ തന്നെ വേണം. എങ്കിലേ ആളുകൾക്ക് അത് സത്യസന്ധമായി തോന്നൂ,” എന്നായിരുന്നു ശ്രീനിവാസന്റെ നിലപാട്.

പക്ഷേ, മമ്മൂട്ടിയുടെ നിലപാട് കാരണം ഷൂട്ടിംഗ് മുടങ്ങുന്ന അവസ്ഥയെത്തി. അതോടെ ശ്രീനിവാസന്റെ നിയന്ത്രണം വിട്ടു. അദ്ദേഹം നേരെ മമ്മൂട്ടിയെ ഫോണിൽ വിളിച്ചു. “നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഇങ്ങോട്ട് ബുദ്ധിമുട്ടി വരേണ്ടതില്ല. ഒരു കാര്യം കൂടി, ഈ സിനിമയുടെ ഷൂട്ടിംഗ് തീരുന്നത് വരെ നിങ്ങൾ ഈ ജില്ലയിൽ എങ്ങാനും വന്നുപോയേക്കരുത്!” ഇത്രയും പറഞ്ഞ് ശ്രീനിവാസൻ ഫോൺ കട്ട് ചെയ്തു.

ഒന്ന് ആലോചിച്ചു നോക്കൂ, മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളോടാണ് ഈ സംഭാഷണം. സംഭവം പുറത്തറിഞ്ഞാൽ തന്റെ പ്രതിച്ഛായയെ അത് ബാധിക്കുമെന്ന് മമ്മൂട്ടിക്ക് തോന്നിയിരിക്കാം. പിന്നീട് ശ്രീനിവാസന്റെ ഫോണിലേക്ക് മമ്മൂട്ടിയുടെ വിളികളുടെ പ്രവാഹമായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ മമ്മൂട്ടി, മുകേഷിനെ വിളിച്ച് തനിക്ക് പണം വേണ്ടെന്നും എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്നും സമ്മതിച്ചു.

ഇങ്ങനെ, ഒരു വലിയ പ്രതിസന്ധിക്ക് ശേഷമാണ് ‘കഥ പറയുമ്പോൾ’ എന്ന ക്ലാസിക് ചിത്രം യാഥാർത്ഥ്യമായത്. സ്ക്രീനിൽ നാം കണ്ട ആഴത്തിലുള്ള സൗഹൃദത്തിന് പിന്നിൽ, ജീവിതത്തിലെ ചില ഈഗോയുടെ ഉരസലുകളും സമ്മർദ്ദങ്ങളും കൂടിയുണ്ടായിരുന്നു. ഈ തുറന്നുപറച്ചിൽ ആ താരങ്ങളുടെ മാനുഷികമായ വശങ്ങൾ കൂടി പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുന്നു.

ADVERTISEMENTS