
2017 ഫെബ്രുവരി 17-ന് രാത്രി കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ചലച്ചിത്രലോകത്ത് നിന്ന് ആദ്യമായി വികാരഭരിതമായ പ്രതികരണം അറിയിച്ച് സംവിധായകനും നടനുമായ ലാൽ. അതിക്രമത്തിന് ഇരയായ നടി അഭയം തേടി ഓടിയെത്തിയത് കൊച്ചിയിലെ തന്റെ വീട്ടിലേക്കായിരുന്നു. ആ രാത്രിയിലെ ദാരുണമായ അനുഭവങ്ങളെക്കുറിച്ചും, പോലീസിന്റെ അടിയന്തര ഇടപെടലുകളെക്കുറിച്ചും, കേസ് മുന്നോട്ട് കൊണ്ടുപോകാൻ നടി കാണിച്ച അസാധാരണമായ ധൈര്യത്തെക്കുറിച്ചും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലാൽ പങ്കുവെച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ ലാലിന്റെ വാക്കുകൾ, ഈ കേസിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് അടിവരയിടുന്നതായിരുന്നു.
നെഞ്ചിൽ വീണുള്ള ആ നിലവിളി
സംഭവത്തിന് ശേഷം വീട്ടിലെത്തിയ നടിയുടെ അവസ്ഥ വിവരിക്കുമ്പോൾ ലാൽ വികാരാധീനനായി. “ഓടിക്കിതച്ചെത്തിയ അവൾ ആദ്യം എന്റെ നെഞ്ചിലേക്ക് വീണാണ് പൊട്ടിക്കരഞ്ഞത്. ‘ലാൽ ചേട്ടാ…’ എന്ന് വിളിച്ച് അവൾ കരഞ്ഞ ആ ശബ്ദത്തിന്, ലോകത്തുള്ള എല്ലാ സ്ത്രീകളും പൊട്ടിക്കരഞ്ഞാലും ആ ശബ്ദം ഉണ്ടാകില്ല”. അതീവ ദുഃഖിതയായിരുന്ന നടിയെ ആശ്വസിപ്പിക്കാൻ താനും ഭാര്യ നാൻസിയും നിർമ്മാതാവ് ആന്റോ ജോസഫും മക്കളും ചേർന്ന് വലിയ ശ്രമം നടത്തിയെന്നും ലാൽ ഓർത്തെടുത്തു.
പോലീസിൻ്റെ സഹായം തേടാൻ നടിക്ക് ധൈര്യം പകർന്നത് ലാലും കുടുംബവുമായിരുന്നു. തുടർന്ന് നടിയുടെ അമ്മയും സഹോദരനും പുലർച്ചയോടെ വീട്ടിലെത്തുകയും അവർ പിന്തുണ നൽകുകയും ചെയ്തു.

ഡി.ജി.പിയുടെ വെളിപ്പെടുത്തൽ: ‘ഒതുക്കിയ മൂന്ന് കേസുകൾ’
അക്രമം നടന്ന ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചപ്പോൾ അവർ അതിവേഗം പ്രതികരിച്ചതിനെ ലാൽ അഭിനന്ദിച്ചു. “വിത്തിൻ നോ ടൈം, വീട്ടിൽ എല്ലാ ഓഫീസേഴ്സും എത്തി. വളരെ ശക്തമായ രീതിയിലുള്ള അന്വേഷണം ഇനിഷ്യേറ്റ് ചെയ്തത് എനിക്ക് അത്ഭുതകരമായി തോന്നി”.
തുടർന്ന് അന്നത്തെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുമായി സംസാരിച്ചപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് മുൻപ് നടന്ന സമാനമായ മൂന്ന് സംഭവങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചതായി ലാൽ വെളിപ്പെടുത്തി. “ഇതിന് സമാനമായിട്ടുള്ള മൂന്ന് കേസുകൾ അടുത്ത കാലത്ത് നിങ്ങളുടെ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടുതന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതെല്ലാം ആരും അറിയാതെ പോകുന്നു. പണം കൊടുത്ത് ഒതുക്കിയതോ അപമാനം പേടിച്ചിട്ട് അറിയേണ്ട എന്ന് കരുതി ഒതുക്കിയതോ ഒക്കെയായിട്ട്”. ഈ കേസ് അത്തരത്തിൽ ഒതുങ്ങിപ്പോകരുത് എന്ന് ബെഹ്‌റ തന്നോട് ആവശ്യപ്പെട്ടെന്നും ലാൽ കൂട്ടിച്ചേർത്തു.

കേസിൽ ഉറച്ചുനിൽക്കാനുള്ള ധീരത
സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽ പുറത്തറിയരുത് എന്നായിരുന്നു നടിയുടെ നിലപാട്. എന്നാൽ പിന്നീട്, “കോടതിയിൽ പോകാനും ഏത് വൃത്തികെട്ട ചോദ്യങ്ങളെയും നേരിടാനും താൻ തയ്യാറാണ്” എന്ന് അവൾ ഉറച്ച നിലപാടെടുത്തു. എന്നാൽ പിന്നീട് കേസിന്റെ പല ഘട്ടങ്ങളിലായി അവൾക്ക് പിന്മാറിയാൽ കൊള്ളാം എന്ന അവസ്ഥയിലേക്ക് അവൾ എത്തിയിരുന്നു അവൾ പലപ്പോഴും തകർന്നു പോകുന്ന അവസ്ഥയായിരുന്നു ഓരോ ദിവസവും അവളെ വിളിച്ചു സംസാരിച്ചു ധൈര്യം നൽകുകയാണ്. ആ സമയത്തു ചാനലിലോ പത്രത്തിലോ ഒരു വരിയോ വാക്കോ തനിക്കെതിരെ മോശമായി ഉണ്ടാകുമ്പോൾ തകർന്നു പോവുകയാണ് പിന്നെ അവളെ വീണ്ടും രണ്ടാമത് ധൈര്യം നൽകി ഉയർത്തെഴുന്നേൽപ്പിക്കുകയാണ് തങ്ങൾ ചെയ്തത് . ആ കുട്ടി മരവിച്ചു പോയ അവസ്ഥയാണ്. ദിവസങ്ങളായി ആ കുട്ടി ഉറങ്ങാതിരിക്കുകയാണ് ആകുട്ടി ഉറങ്ങാൻ ഡോക്ടർമാർ പോലും എഴുതാത്ത ഗുളിക താൻ സുഹൃത്തിൽ നിന്നും വാങ്ങി നൽകിയാണ് ആ കുട്ടിക്ക് ഉറങ്ങാൻ കഴിഞ്ഞത്. ആ കുട്ടിക്ക്. ഓരോ ചെറിയ ശബ്ദത്തിലും അവൾ ഞെട്ടും ഭയന്ന് പോകും അതിനാൽ എപ്പോഴും ആരെങ്കിലും കൂടെ വേണം. എന്ന് അന്ന് ആരോഗ്യ വിദഗ്ദർ പറഞ്ഞത്.
ഈ ഘട്ടത്തിൽ സമൂഹം അതിജീവിതയെ ശക്തമായി പിന്തുണയ്ക്കേണ്ടതുണ്ടെന്ന് ലാൽ അന്ന് ആവശ്യപ്പെട്ടു. “അവളെ സ്ട്രോങ് ആയി നിർത്താനുള്ള കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്. അവളെ എങ്ങനെ ശക്തി കൂട്ടി ഇതിൽ നിൽക്കുന്നതിന് സഹായിക്കാൻ പറ്റും എന്നുള്ള കാര്യത്തിൽ നമ്മൾ എന്ത് ചെയ്യാൻ പറ്റും അതെല്ലാം ചെയ്യണം”. അന്ന് ലാൽ അഭിമുഖത്തിൽ പറഞ്ഞു.
ഈ കേസ് നീതിയുടെ വഴിയിൽ നിന്ന് വ്യതിചലിക്കരുതെന്ന സന്ദേശം നൽകിക്കൊണ്ട് ലാൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചു. “നമ്മുടെ അമ്മയ്‌ക്കോ മകൾക്കോ ഈ അവസ്ഥ വരുന്നതുവരെ കാത്തിരിക്കരുത്” എന്ന അദ്ദേഹത്തിന്റെ ആഹ്വാനം, കേവലം ഒരു സിനിമാ നടിയുടെ പ്രശ്നമായി ഇതിനെ കാണാതെ, സാമൂഹിക ഉത്തരവാദിത്തത്തോടെ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു.








