ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന് കേട്ടാൽ മലയാളികളുടെ മനസിൽ ആദ്യം വരുന്ന മുഖം ഭാഗ്യലക്ഷ്മിയുടേതാണ്. മനോഹരമായ ശബ്ദത്തിൽ ഭാഗ്യലക്ഷ്മി ജീവൻ നൽകിയ കഥാപാത്രങ്ങൾ ചെറുതല്ല. ശോഭന, ഉർവശി, രേവതി തുടങ്ങിയ നടിമാരുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളെടുത്താൽ ഇവയിൽ പലതിലും ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്. ഒരു കാലഘട്ടത്തിൽ പ്രിയദർശൻ സിനിമകളിലെ നായികമാരിൽ മിക്കവർക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്.
വെട്ടം സിനിമയിലെ വീണ, ചന്ദ്രലേഖയിലെ ലേഖ എന്നീ നായിക കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിൽ നിൽക്കുന്നതിന് പിന്നിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വഹിച്ച പങ്ക് ചെറുതല്ല. ഒരുപക്ഷെ ഈ നായികമാർക്കൊന്നും ഭാഗ്യലക്ഷ്മിയല്ല ശബ്ദം നൽകിയിരുന്നതെങ്കിൽ പ്രേക്ഷകർ സ്വീകരിക്കുമായിരുന്നോ എന്ന് സംശയമാണ്. അതേസമയം നായികമാർ സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു ഭാഗ്യലക്ഷ്മി. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഇവർ സംസാരിച്ചിട്ടുമുണ്ട്.
പാർവതി, കാവ്യ മാധവൻ തുടങ്ങിയ നടിമാരെയെല്ലാം സ്വന്തം ശബ്ദം സിനിമയ്ക്ക് ഉപയോഗിക്കാൻ താൻ ഉപദേശിച്ചിരുന്നെന്ന് ഭാഗ്യലക്ഷ്മി തുറന്ന് പറയുകയുമുണ്ടായി. സഫാരി ടിവിയോടായിരുന്നു പ്രതികരണം. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പാർവതി ഡബ്ബിംഗിന് എന്റെ കൂടെ വന്നപ്പോൾ സ്വന്തമായി ചെയ്യണം, നിനക്ക് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു. മൈക്കിന് മുന്നിൽ നിർത്തി ഞാൻ പഠിപ്പിച്ച് കൊടുത്തു. പാർവതിയുടെ പ്രശ്നം വളരെ ലോ വോയ്സിലേ സംസാരിക്കൂ എന്നതാണ്.
ദേഷ്യപ്പെടുന്ന സീനിൽ മുഖത്ത് എക്സ്പ്രഷനുണ്ടെങ്കിലും ശബ്ദത്തിൽ പരിധിയിൽ കൂടുതൽ മനസിലാവില്ല. കാവ്യ മാധവനെയും ഞാൻ ഇതുപോലെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് പറഞ്ഞ് പഠിപ്പിച്ചു. പക്ഷെ അയ്യോ എനിക്കിത് പറ്റില്ല എന്ന് പറഞ്ഞ് കാവ്യയും പോയി. അതിലെപ്പോഴും വിജയിച്ചത് മഞ്ജു വാര്യർ തന്നെയാണ്. തൂവൽക്കൊട്ടാരം ചെയ്യുന്ന സമയത്താണ് മഞ്ജു ഡബ്ബിംഗ് തിയറ്ററിൽ വന്ന് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. എനിക്ക് എന്റെ ശബ്ദം വേണമെന്ന വാശിയും ഉണ്ടായിരുന്നു.
പലരും മലയാളത്തിലെ ഏറ്റവും നല്ല നടി മഞ്ജു വാര്യർ ആണെന്ന് പറയുന്നു. തീർച്ചയായും മഞ്ജു നല്ല നടിയാണ്. പക്ഷെ അതോടൊപ്പം നല്ല കഴിവുള്ള ഒരുപാട് നടിമാരുണ്ട്. പലപ്പോഴും ആളുകൾ അത് പൂർണമായും അംഗീകരിക്കാത്തത് മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ ശബ്ദം തന്നെ ആയിരുന്നെങ്കിൽ അവരെയും ആളുകൾ വളരെ നല്ല നടി എന്ന് പറഞ്ഞേനെ. ഉർവശിയൊക്കെ എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്തു.
പക്ഷെ സ്വന്തമായി ശബ്ദം കൊടുത്ത് തുടങ്ങിയ ശേഷം അവർക്ക് നല്ല കഥാപാത്രം കിട്ടിയില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. മനോഹരമായ ശബ്ദമുള്ളവർക്കേ ഡബ് ചെയ്യാവൂ എന്ന രീതി സിനിമയിലുണ്ടായിരുന്നു. എന്നാൽ പണ്ട് ഷീലയും ജയഭാരതിയുമെല്ലാം സ്വന്തം ശബ്ദത്തിൽ സംസാരിച്ചപ്പോൾ ആളുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. മലയാളത്തിൽ ഒരു കാലഘട്ടത്തിൽ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാൻ സാധിച്ച ചുരുക്കം നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇന്ന് തമിഴ് സിനിമകളിലും മഞ്ജു സ്വന്തമായി ഡബ് ചെയ്യുന്നു. അസുരൻ എന്ന സിനിമയിൽ പ്രാദേശിക മധുര തമിഴ് ശൈലിയെല്ലാം അനായാസമായി നടി പഠിച്ചെടുത്തു.