‘അനുവിന്റെ പിആറിനെ എനിക്ക് പേടിയായിരുന്നു’; ബിഗ് ബോസ് ഹൗസിലെ കളികൾ ആര്യൻ തുറന്നു പറയുന്നു

2

ബിഗ് ബോസ് മലയാളം സീസൺ 7 കണ്ട പ്രേക്ഷകരെ ഒരുപാട് കുഴപ്പിച്ച ഒരു ബന്ധമായിരുന്നു ആര്യനും അനുമോളും തമ്മിലുള്ളത്. ചിലപ്പോൾ ഇവർ അടുത്ത സുഹൃത്തുക്കൾ, അടുത്ത നിമിഷം കടുത്ത ശത്രുക്കൾ. ആര്യന്റെ അമ്മ ഹൗസിൽ വന്നപ്പോൾ പറഞ്ഞതുപോലെ, ഒരു ‘ടോം ആൻഡ് ജെറി’ കളി. എന്നാൽ, എന്തുകൊണ്ടാണ് അനുമോളുമായി ഒരു പരിധിവിട്ട് വഴക്കിടാൻ താൻ പോകാതിരുന്നതെന്ന് ഷോയിൽ നിന്ന് പുറത്തായ ശേഷം ആര്യൻ വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ആര്യൻ മനസ്സ് തുറന്നത്.

“അനുമോളുമായി വഴക്കുണ്ടാകുമ്പോൾ ഒരു പോയിന്റ് കഴിഞ്ഞാൽ ഞാൻ വിട്ടുകൊടുക്കും. അതിന് കാരണം അനുവിനോടുള്ള പേടിയല്ല, മറിച്ച് പുറത്തുള്ള അനുവിന്റെ അതിശക്തമായ പിആർ ടീമിനെ തനിക്ക് പേടിയായിരുന്നു,” ആര്യൻ പറയുന്നു. അനുവിന്റെ പിആറിനെ പേടിയില്ലാത്ത ആരും ഹൗസിൽ ഇല്ലായിരുന്നുവെന്നും ആര്യൻ കൂട്ടിച്ചേർത്തു.

ADVERTISEMENTS
   

എങ്ങനെയാണ് പിആർ ഉണ്ടെന്ന് അറിഞ്ഞത്?

ഇതൊരു വെറും ഊഹമല്ല, ഷോയിലേക്ക് വരുന്നതിന് മുൻപ് തന്നെ തനിക്ക് ഇതേക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിരുന്നുവെന്നും ആര്യൻ പറഞ്ഞു. ഷോ തുടങ്ങും മുൻപ് ഒരാൾ ആര്യനെ ബന്ധപ്പെട്ടിരുന്നു. “ഞാനാണ് അനുമോളുടെ പിആർ ചെയ്യുന്നത്, അഡ്വാൻസ് പണം വരെ വാങ്ങിയിട്ടുണ്ട്” എന്ന് അയാൾ ആര്യനോട് വെളിപ്പെടുത്തി.

ഈ പിആർ ടീമിന്റെ ശക്തിയെക്കുറിച്ചും ആര്യൻ അഭിമുഖത്തിൽ വിശദീകരിച്ചു. “അകത്ത് എന്ത് തെറ്റ് ചെയ്താലും, അത് പുറത്ത് പോസിറ്റീവ് ആക്കി മാറ്റാൻ അവർക്ക് കഴിയും. സോഷ്യൽ മീഡിയയുടെ ശക്തി വളരെ വലുതാണ്. ഹൗസിനുള്ളിൽ ഉണ്ടാകുന്ന വെറുപ്പ് (Hate) എല്ലാം പുറത്ത് സ്നേഹമാക്കി മാറ്റാനും, വോട്ടുകൾ കൂട്ടാനും (Vote Build) ഈ പിആർ ടീം സഹായിക്കും,” എന്നാണ് ആര്യന് കിട്ടിയ വിവരം. ഇത്രയും വലിയൊരു സപ്പോർട്ട് സിസ്റ്റം ഉള്ള ഒരാളോട് ഏറ്റുമുട്ടിയാൽ തനിക്ക് പുറത്ത് നെഗറ്റീവ് ഇമേജ് ഉണ്ടാകുമെന്ന് ഭയന്നിരുന്നു. എങ്കിലും, പലതവണ അനുവിന്റെ തെറ്റുകൾ താൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ആര്യൻ പറഞ്ഞു.

“കിട്ടിയില്ലെങ്കിൽ നശിപ്പിക്കുക എന്ന സൈക്കോളജി”

ഈ പിആർ വിഷയം മാത്രമല്ല, അനുവിന് തന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നതായും ആര്യൻ വിശ്വസിക്കുന്നു. “അനുവിന് എന്നോട് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുറത്തുപോയ ശൈത്യയും പറഞ്ഞല്ലോ അനുവിന് എന്നോട് ഒരു ക്രഷ് ഉണ്ടായിരുന്നു എന്ന്,” ആര്യൻ ചോദിക്കുന്നു.

ഈ ഇഷ്ടം പലപ്പോഴും ദേഷ്യമായിട്ടാണ് അനു പ്രകടിപ്പിച്ചിരുന്നതെന്നും ആര്യൻ ഒരു വിചിത്രമായ സൈക്കോളജിയുമായി ഇതിനെ താരതമ്യം ചെയ്തു. “പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള ഒരു സ്വഭാവമാണിത്. നമ്മൾ ആഗ്രഹിക്കുന്ന ഒരു ആൺകുട്ടിയെ നമുക്ക് കിട്ടിയില്ലെങ്കിൽ, പിന്നെ അയാളെ നശിപ്പിക്കുക, അല്ലെങ്കിൽ അയാൾക്ക് എതിരെ തിരിയുക എന്നൊരു തരം സൈക്കോളജി അനുവിന് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്,” ആര്യൻ പറഞ്ഞു.

അതുകൊണ്ടാണ് അനു ചിലപ്പോൾ സ്നേഹം കാണിക്കാനും ചിലപ്പോൾ വഴക്കിടാനും തന്റെ അടുത്തേക്ക് വന്നിരുന്നത്. “അവൾ സ്നേഹം കാണിക്കുമ്പോൾ ഞാനത് സ്വീകരിച്ചിട്ടുണ്ട്. പക്ഷെ നമ്മളെ കുറ്റം പറയുമ്പോൾ അത് സ്നേഹമായി കാണാൻ പറ്റില്ലല്ലോ,” എന്നും ആര്യൻ വ്യക്തമാക്കി. ഹൗസിനുള്ളിലെ തന്റെ പല പ്രവർത്തികളുടെ പേരിലും, പ്രത്യേകിച്ച് ശൈത്യയുടെ ജീവിതകഥ കേട്ട് ചിരിച്ചതിന്റെ പേരിലും, മോഹൻലാലിൽ നിന്ന് തനിക്ക് ശക്തമായ താക്കീത് ലഭിച്ചിരുന്ന കാര്യവും ആര്യൻ അഭിമുഖത്തിൽ സമ്മതിച്ചു. പിആറിനെ ഭയന്നിരുന്നു എങ്കിലും, തെറ്റുകൾ കണ്ടപ്പോൾ താൻ പ്രതിരോധം തീർക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആര്യൻ പറഞ്ഞുനിർത്തി.

ADVERTISEMENTS